പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ 19 വാര്‍ഡുകളിലേയും തോടുകളില്‍ ജനകീയ പങ്കാളിത്തത്തോടെ തടയണ നിര്‍മാണത്തിന് തുടക്കമായി. കടമാന്‍തോട്, മുദ്ദള്ളിത്തോട്, കന്നാരംപുഴ തുടങ്ങിയ തോടുകളിലും വിവിധയിടങ്ങളിലെ ചെറുതോടുകളിലും ഉള്‍പ്പെടെ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തുന്നതിന്റെ ഭാഗമായാണ് തടയണ നിര്‍മാണം ആരംഭിച്ചത്.
ചണ്ണോത്തുകൊല്ലിയിലെ തറപ്പത്തുകവല തോട്ടിലെ പത്ത് ഇടങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ തടയണകള്‍ നിര്‍മിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വര്‍ഗീസ് മുരിയന്‍കാവില്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷൈനി സണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. വരുംദിവസങ്ങളില്‍ പഞ്ചായത്തിലെ മുഴുവന്‍ തോടുകളിലും ചെറുതടയണകള്‍ നിര്‍മിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു പറഞ്ഞു.